ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1945-50 കാലഘട്ടങ്ങളില്‍ സാമൂഹ്യസംഘടനകളോ സാംസ്കാരികസംഘങ്ങളോ പെരിങ്ങരയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അന്ന് നാട്ടുകാരായ ചിലര്‍ സമുദായത്തിന്റെ പേരില്‍ ചില സമുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് ഒരു പൊതുസ്വഭാവമില്ലാത്തതും ഏകാധിപത്യപരവുമായിരുന്നു. അക്കാലത്ത് പി.എന്‍.നമ്പൂതിരി, രാമന്‍കുട്ടി വൈദ്യര്‍, രാഘവന്‍പിള്ള, റവ.സഖറിയ തുടങ്ങിയ സാമൂഹ്യസ്നേഹികളായ പ്രഗത്ഭമതികളുടെ നേതൃത്വത്തില്‍ വില്ലേജ്യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. പെരിങ്ങര, കാരയ്ക്കല്‍, നെടുമ്പ്രം, കാവുംഭാഗം, നടുവിലേമുറി, കുഴിവേലിപ്പുറം എന്നീ പ്രദേശങ്ങളെകൂടി സംയോജിപ്പിച്ചുകൊണ്ട് 1948-ല്‍ വില്ലേജുയൂണിയന്‍ നിലവില്‍ വന്നു. പൊതുമരാമത്ത്, ആരോഗ്യം, റവന്യു, വിദ്യുത്ച്ഛക്തി എന്നീ വകുപ്പുകളുടെ സേവനം ലഭ്യമായിരുന്നു. റോഡുകളുടെയും പുഴകളുടെയും സമീപപ്രദേശത്തെ കാടുകള്‍ വെട്ടിത്തെളിച്ചും വഴിവിളക്കുകള്‍ സ്ഥാപിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങി. 1953-ല്‍ ജനസംഖ്യ, ആദായം, ഭൂവിസ്തൃതി എന്നിവ മാനദണ്ഡമാക്കി പെരിങ്ങര പഞ്ചായത്ത് രൂപീകൃതമായി. ദാനമായി ലഭിച്ച പത്തുസെന്റ് സ്ഥലത്ത് പെരിങ്ങര പഞ്ചായത്തോഫീസ് സ്ഥാപിതമായി. പി.എന്‍.നമ്പൂതിരി, തോമസ്ജോസഫ്, പി.ജി.പുരുഷോത്തമപ്പണിക്കര്‍, കെ.ആര്‍.രാമന്‍നായര്‍, എം.പി.രാഘവന്‍ നായര്‍, ഐപ്പ് പുന്നൂസ്, തോമസ് കോശി, ശങ്കരന്‍കങ്കാളി, കോശിമാത്യു എന്നിവരായിരുന്നു ആദ്യത്തെ പഞ്ചായത്തുകമ്മിറ്റി അംഗങ്ങള്‍. തിരുവല്ല താലൂക്കില്‍ പെരിങ്ങര, കാവുംഭാഗം വില്ലേജുഭാഗങ്ങള്‍ സംയോജിപ്പിച്ച് ഇന്നത്തെ പെരിങ്ങര ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നു. തിരുവല്ല ടൌണില്‍ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. രണ്ടോ മുന്നോ റോഡുകള്‍ മാത്രമായിരുന്നു ആദ്യകാലഘട്ടങ്ങളില്‍ ഇവിടെയുണ്ടായിരുന്നത്. കടത്തുവള്ളങ്ങളെ ആശ്രയിച്ചായിരുന്നു ഭൂരിഭാഗം പ്രദേശങ്ങളിലും ഗതാഗതം നടന്നുവന്നിരുന്നത്. വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിലും കാര്യമായ പുരോഗതി പില്‍ക്കാലത്തുണ്ടായിട്ടുണ്ട്. ഇന്ന് നെല്‍കൃഷി ഒരുപൂകൃഷിയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നു. ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ മൂന്നായി തരംതിരിക്കാം. പഞ്ചായത്തിന്റെ കിഴക്കന്‍ഭാഗങ്ങള്‍ മിക്കവാറും ഉയര്‍ന്ന സമതലമാണ്. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന വയല്‍പാടങ്ങളാണ് തെക്കന്‍ മേഖലയില്‍ ഭൂരിഭാഗവും. പൊതുവെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. കിണറുകളില്‍ നിന്നുള്ള വെള്ളം വര്‍ഷകാലത്തും വേനല്‍ക്കാലത്തും ഉപയോഗയോഗ്യമല്ല. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് വിദ്യാഭ്യാസരംഗം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുമ്പോളാണ് 1915-ല്‍ ആദ്യമായി ഒരു ഗവ.സ്ക്കൂള്‍ തുടങ്ങിയത്. 1914-ലാണ് പെരിങ്ങരയില്‍ നാലു ക്ളാസുകളോടുകൂടി ഒരു എല്‍.ജി.ഇ സ്ക്കൂള്‍ തുടങ്ങിയത്. പെരിങ്ങര പഞ്ചായത്ത് സാംസ്കാരികമായി മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഗ്രാമീണസംസ്കാരത്തിന്റെ നിഷ്കളങ്കതയും നൈര്‍മല്യവും എങ്ങും ദൃശ്യമാണ്. സാക്ഷരതയിലും പഞ്ചായത്ത് മുന്‍പന്തിയില്‍ തന്നെ.ഈ ഗ്രാമത്തിലെ ആദ്യത്തെ സാംസ്കാരികകേന്ദ്രം വി.പി.സ്മാരക ഗ്രന്ഥശാലയാണ്.